Sunday, August 22, 2010

ഓണാശംസകള്‍

എല്ലാ വായനക്കാര്‍ക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പൊന്നോണാശംസകള്‍ നേരുന്നു.
image courtesy: http://festivals.iloveindia.com/onam/pics/onam-pookkalam.jpg

Saturday, July 24, 2010

പ്രചാരണ ജാഥയ്ക്ക് വന്‍സ്വീകരണം

ജൂലായ് 29ന്റെ പണിമുടക്കും രാജ് ഭവന്‍ മാര്‍ച്ചും വന്‍ വിജയമാക്കുന്നതിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ഇടപ്പള്ളിയില്‍ വന്‍ സ്വീകരണം നല്‍കി.
യൂണിറ്റ് പ്രസിഡന്റ് ശ്രീ.അസീസ് മൂലയിലിന്റെയും ജന.സെക്രട്ടറി ശ്രീ.എം.എന്‍ അയ്യപ്പന്റെയും ട്രഷറര്‍ ശ്രീ.ബാബു ആന്റണിയുടെയും വൈസ് പ്രസിഡന്റ് ശ്രീ.ഏ.കെ വിദ്യാധരന്റെയും നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റെയും തുറന്നജീപ്പിന്റെയും അകമ്പടിയോടെ കാക്കനാട് യൂണിറ്റ് ഭരണസമിതി പ്രവര്‍ത്തകരും സ്വീകരണത്തില്‍ സജീവ പങ്കാളികളായി.
ഉച്ചയ്ക്ക് രണ്ടുമണിയോടെ കാക്കനാട് വ്യാപാരഭവനില്‍നിന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട യാത്ര രണ്ടരയോടെ ഇടപ്പള്ളി ബൈപാസ് ജംക്ഷനിലെ സ്വീകരണവേദിയിലെത്തി. യൂണിറ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീ.അസീസ് മൂലയില്‍ , ജന. സെക്രട്ടറി ശ്രീ.എം.എന്‍ അയ്യപ്പന്‍ , സെക്രട്ടറി ശ്രീ.ദയാനന്ദന്‍ , യൂത്ത് വിംഗിനുവേണ്ടി പ്രസിഡന്റ് ശ്രീ.നൌഫല്‍ മുബാറക് എന്നിവര്‍ സംസ്ഥാന പ്രസിഡന്റിനെ പൊന്നാടയണിയിച്ചു. നെട്ടൂര്‍ ഐ.എന്‍.റ്റി.യു.സി ജംഗ്ഷനിലെ അടുത്ത സ്വീകരണവേദിവരെ ജാഥയെ അനുഗമിച്ചു.

Friday, July 23, 2010

ജൂലായ് 29നു സംസ്ഥാന വ്യാപകമായി പണിമുടക്ക്, രാജ്ഭവന്‍ മാര്‍ച്ച്

ദേശീയപാതാ വികസനത്തിനു കേരളത്തിലെ വ്യാപാരികള്‍ എതിരല്ല. മറിച്ച് രാഷ്ട്രത്തിന്റെ ആസ്തിയായ ദേശീയപാത ഏതാനും സ്വകാര്യ സംരംഭകര്‍ക്ക് കൊള്ളയടിക്കുവാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ല. ഹൈവേക്ക് ഇരുവശവുമുള്ള ലക്ഷക്കണക്കായ മനുഷ്യരെയും ആയിരക്കണക്കായ കടകളെയും പിഴുതെറിഞ്ഞും അവരെ പാരമ്പര്യമായി താമസിക്കുന്ന വീടുകളില്‍നിന്ന് ആട്ടിയോടിച്ചും കടകള്‍ പൊളിച്ചുനീക്കി അവരുടെ ജീവിത മാര്‍ഗ്ഗത്തെ തടഞ്ഞും പാത നിര്‍മ്മിക്കുന്നതിനു മുന്പ് വര്‍ഷങ്ങളായി വ്യാപാരം നടത്തി ഉപജീവനം നയിക്കുന്ന വ്യാപാരികളുടെ പുനരധിവാസം സര്‍ക്കാര്‍ ചിലവില്‍ ഉറപ്പു വരുത്തുക എന്നതാണ് സമരലക്ഷ്യം.

കേരളജനത ഒന്നടങ്കം ചിരകാലമായി ആഗ്രഹിച്ചുകൊണ്ടിരുന്ന 30 മീറ്ററെങ്കിലും വീതിയുള്ള റോഡ് വികസനമല്ല, മറിച്ച് ബി.ഒ.ടി അടിസ്ഥാനത്തില്‍ ഏതാനും സ്വകാര്യ സംരംഭകരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി ഇത്രയധികം ഭൂമി ഒന്നിച്ച് അക്വയര്‍ ചെയ്യാനും ഇരുപത് വര്‍ഷം റോഡിന്റെ അവകാശം കയ്യില്‍ വെക്കുവാനും ഇഷ്ടം പോലെ നികുതി ചുമത്താനുമുള്ള അവസരം നല്‍കുകയാണ് ചെയ്യുന്നത്. ദേശീയപാതാ വികസനം നടക്കുന്നതോടുകൂടി അതിനോടനുബന്ധിച്ച് സ്റ്റേറ്റ് ഹൈവേ 35 മീറ്റര്‍ , എം.എല്‍ ഏ റോഡ് 25 മീറ്റര്‍, മറ്റ് റോഡുകള്‍ 20 മീറ്റര്‍ എന്നിങ്ങനെ വീതിയില്‍ വികസിപ്പിക്കുകയാണ് ഉദ്ദേശം. ചുരുക്കത്തില്‍, റോഡുകളുടെ ഇരുവശങ്ങളിലും കവലകളിലും വര്‍ഷങ്ങളായി വ്യാപാരം നടത്തുന്നവരെ ഒഴിവാക്കി വന്‍‌കിടക്കാരും ബഹുരാഷ്ട്ര കുത്തകകളും അവരുടെ പിണിയാളുകളും മാത്രം!!

ഈ പ്രവണതയ്ക്കെതിരെയുള്ള നമ്മുടെ രണ്ടാം ഘട്ട സമരമായി 2010 ജൂലായ് 29ന് നമ്മുടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാനപ്രസിഡന്റ് ട്.നസ്രുദ്ദീന്റെ നേതൃത്വത്തില്‍ രാജ്‌ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നു.

കാക്കനാട് യൂണിറ്റില്‍ നിന്നുള്ള പ്രതിനിധികളെ വഹിച്ചുകൊണ്ടുള്ള വാഹനം 28നു രാത്രി 12 മണിക്ക് കാക്കനാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്നു.